Sunday 16 March 2014

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് - മാർക്സ് (മാർക്സിസം ഒരു മതമാണ്‌ !!!)

ആരും ഞെട്ടരുത്. സുദീര്ഘമായ അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ഈ ബ്ലോഗിൽ ഒരു പോസ്റ്റ്‌ ഇടുന്നത്. ഞാൻ ചിന്തിച്ചു, ഇതിലേക്ക് ആളെ കൂട്ടാൻ എന്ത് വഴി? പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടാൽ തന്നെ ആള് കേറണം. ഇപ്പോഴത്തെ ഒരു ട്രെൻഡ് വച്ച് വിഷയം രാഷ്ട്രീയം ആണെങ്കിൽ ഒരു ചെറിയ ആളനക്കം ഒക്കെ ഉണ്ടാവും, പ്രത്യേകിച്ച് മാർക്സിസ്റ്റുകാരെ കുറ്റം പറയുകയാണെങ്കി പിന്നെ ഒന്നും പറയണ്ട. ഒടുക്കത്തെ തള്ളിക്കേറ്റം ആയിരിക്കും.

ഭീകരമായ രാഷ്ട്രീയ നിരീക്ഷണങ്ങളും, വിമർശനങ്ങളും പ്രതീക്ഷിച്ച്  ഇവിടെ എത്തിയിരിക്കുന്നവർ ഈ ഘണ്ടികക്ക് അപ്പുറം വായിക്കരുത്. വെറുതെ സമയനഷ്ടമാണ്. (ഇവിടെ ബിരിയാണി കൊടുക്കുന്നില്ല!!) വായിച്ചു കഴിഞ്ഞ് ഒടുവിൽ പരാതി പറയരുത്.

തിരഞ്ഞെടുപ്പ് ഒക്കെ വരുവല്ലേ, ചുമ്മാ ആരൊക്കെയാ നമ്മുടെ ഗെടികൾ മത്സരിക്കുന്നെ എന്നറിയാൻ ഇപ്പൊ കുറച്ചു കാലമായി പത്രം വായിക്കുന്നുണ്ട്. കൂട്ടത്തിൽ കണ്ട ചില വാർത്തകളെക്കുറിച്ച് ഈയുള്ളവന്റെ അഭിപ്രായം ചരിത്രത്തിൽ രേഖപ്പെടുത്തണം എന്നു തോന്നി. അത്ര മാത്രം.

ആദ്യം ഇതിന്റെ തലക്കെട്ടിനെപ്പറ്റി പറയാം. കഴിഞ്ഞ ദിവസം ഓഫീസിൽ ചുമ്മാ ഒരു പണിയുമില്ലാതെ അമേരിക്കൻ കുത്തക ബൂർഷ്വാസികളുടെ ശംബളവും വാങ്ങി ബോറടിച്ച് ഇരിക്കുമ്പോഴാണ് ഈ വെളിപാടുണ്ടാവുന്നത്. തലക്കെട്ടിന്റെ ആദ്യത്തെ ഭാഗം വിട്ടേക്കൂ, മതം കറുപ്പോ വെളുപ്പോ ആവട്ടെ. അത് തല്ക്കാലം നമ്മൾ കാര്യമാക്കുന്നില്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ കേരളത്തിലെ (കേരളത്തിലെ മാത്രം) മതങ്ങളെയും പ്രധാനപ്പെട്ട രണ്ടു പാർട്ടികളുടെയും വികലമായ ഒരു താരതമ്യമാണ്. (കോട്ടയം നിയുക്ത സ്ഥാനാർഥി ബിഷപ്പിനെ കാണാൻ പോയ കഥയല്ല)

ഞാൻ മാർക്സിസ്റ്റു പാർട്ടിയെ ഇന്ത്യയിലേക്ക്‌ വന്നു ചേർന്ന സെമറ്റിക് മതങ്ങളോടും കോണ്‍ഗ്രസ്‌ പാർട്ടിയെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഹിന്ദു സംസ്കാരത്തോടും താരതമ്യം ചെയ്യുന്നു.
(ഇത് വെറും ഒരു നേരംപോക്ക് മാത്രമാണ്. ആരെയും നല്ലതെന്നോ ചീത്ത എന്നോ ഞാൻ പറയുകയില്ല. ഇത് വായിച്ചു ആർക്കെങ്കിലും എന്തെങ്കിലും മനോവിഷമം ഉണ്ടാവുകയാണെങ്കിൽ ഈ പോസ്റ്റ്‌ മുൻകാലപ്രാബല്യത്തോടെ ഡിലീറ്റ് ചെയ്തതായി ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു.)
വെറുതെ താരതമ്യം ചെയയുവല്ല, എനിക്കതിനു വെറും ബാലിശമായ കുറച്ചു കാരണങ്ങൾ ഉണ്ട്.

ഒന്നാമതായി മാര്ക്സിസ്റ്റു പാർട്ടിക്കും മേൽപ്പറഞ്ഞ മതങ്ങൾക്കും വ്യക്തമായ കൃത്യമായി രേഖപ്പെടുത്തിയ ഒരു തത്വസംഹിത ഉണ്ട്. (രണ്ടു കൂട്ടരിലും എത്ര പേർ അതനുസരിച്ച് ജീവിക്കുന്നുണ്ട് എന്ന് ചോദിക്കരുത്). അങ്ങനെ വ്യക്തമായി രേഖപ്പെടുത്തിയ ഒരു നിയമാവലിയാണ് രണ്ടു കൂട്ടരുടെയും ഏറ്റവും വലിയ ശക്തി. ചില സമയങ്ങളിൽ ദൌര്ബല്യവും. ദൌര്ബല്യം ആവുന്നതെങ്ങനെ എന്ന് ഞാൻ പിന്നീട് പറയാം. കോണ്‍ഗ്രസ്‌ പാർട്ടിക്ക് അങ്ങനെ ഒന്ന് എന്ന് എടുത്ത് കാണിക്കാൻ ഒരെണ്ണം ഇല്ല. ഗാന്ധിജിയുടെ ആതമകഥ, നെഹ്രുവിന്റെ കൃതികൾ അങ്ങനെ മറ്റനേകം ഉണ്ട്. ഹിന്ദു സംസ്കാരവും ഏതാണ്ട് അങ്ങനൊക്കെതന്നെയാണ്.  ഭഗവത് ഗീത, വേദങ്ങൾ, ഉപനിഷത്തുകൾ അങ്ങനെ ഒരുപാടുണ്ട്. ഇതും ഒരർത്ഥത്തിൽ നല്ലതാണ്. കാലം കഴിയുന്തോറും പരിഷ്കരണങ്ങൾ കുറേക്കൂടി എളുപ്പമാകുന്നു. ഇവിടെയാണ് ഞാൻ നേരത്തേ പറഞ്ഞ ദൌർബല്യതിന്റെ പ്രസക്തി. കോണ്‍ഗ്രസ്‌ പാര്ട്ടി ഗാന്ധിജിയുടെ ആത്മകഥ പ്രമാണമായി സ്വീകരിച്ച് ഇവിടെ നിയമ നിർമാണം നടത്തിയിരുന്നെങ്കിൽ, കുട്ടികൾ ഉണ്ടാവാൻ വേണ്ടിയല്ലാതെ ഉള്ള ലൈന്കീകബന്ധം ഇവിടെ ക്രിമിനൽ കുറ്റം ആകുമായിരുന്നു. (ദൈവമേ നീ കാത്തു..)

രണ്ടാമത്തെ താരതമ്യം രസകരമാണ്, മാർക്സിസ്റ്റുകാർ ജനങ്ങളെ പേടിപ്പിക്കുന്നത് ബൂർഷ്വാ മുതലാളിത്വത്തെ കാട്ടിയാണ്, മതങ്ങൾ ദൈവത്തെ കാട്ടിയും . ഇവ രണ്ടും ഉണ്ട് എന്ന് നമുക്കറിയാം, പക്ഷേ കാണാൻ പറ്റില്ല. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്, ഏതെങ്കിലും ഒന്നിനെ സ്ഥിരമായി എടുത്തു കാണിക്കാൻ ഇല്ല. ഞങ്ങ ഹിന്ദുക്കളെപ്പോലെ, ഒരുപാടുണ്ടേ.

മൂന്നാമതായി പാർട്ടികൾ എങ്ങനെ ആളെ കൂട്ടുന്നു എന്നുള്ളതാണ്. അടിസ്ഥാനപരമായി മാർക്സിസ്റ്റ്‌ പാർട്ടി മാർക്സിസം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നു, പക്ഷേ കോണ്‍ഗ്രസ്‌ പ്രചരിപ്പിക്കുന്നതിൽ വളരെ പിറകിലാണ് (പ്രചരിപ്പിക്കാൻ മാത്രം ഒന്നും ഇല്ലാത്തത് കൊണ്ടല്ല). മറിച്ച് കോണ്‍ഗ്രസ്‌ വ്യത്യസ്ത ആശയങ്ങളുമായി സമരസപ്പെടുകയാണ് ചെയ്യുന്നത്, ഒരു പുതിയ ആശയം മാർക്സിസ്റ്റുകാർ ഏറ്റവും അവസാനം മാത്രം അംഗീകരിക്കുന്നത് ഇതുകൊണ്ടാവാം. സെമറ്റിക് മതങ്ങളും ഹിന്ദു സംസ്കാരവും തമ്മിലുള്ള വ്യത്യാസവും അതാണ്‌.

ഇനി താരതമ്യ പഠനം നിർത്താം. വിഷയത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി RSP ഇടതു നിന്നും വലത്തോട്ട് ചാടിയതിന്റെ വരും വരായ്കകളെ കുറിച്ചുള്ള കൊണ്ടു പിടിച്ച ചര്ച്ചയാണല്ലോ. 30 വർഷമായി കൂടെയുണ്ടായിരുന്ന പാർട്ടി ഇട്ടെറിഞ്ഞു പോയി. CPIM ന്റെ അവസാനം അടുക്കാറായി എന്നൊക്കെയാണ് അടിച്ചു വിടുന്നത്. കൊല്ലം സീറ്റ്‌ RSP ക്ക് കൊടുക്കാമായിരുന്നു എന്നൊക്കെയാ കടുത്ത ഇടതുപക്ഷ അനുഭാവികൾ പോലും പറയുന്നത്(ഇതാ വിവരമുള്ളവർ പറയുന്നത് നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല എന്ന്). പക്ഷെ ഞാൻ കരുതുന്നത് RSP പോയാൽ പോവട്ടെ എന്ന് തന്നെയാണ് CPIM ന്റെ നേതൃത്വം കരുതിയിരുന്നത്. LDF മുന്നണിയിലേക്ക് 2 ലോകസഭ സീറ്റും 9 നിയമസഭാ സീറ്റും കൊണ്ടു വന്ന RSP തിരിച്ചു കൊണ്ട് പോകുന്നത് രണ്ടേരണ്ടു നിയമസഭസീറ്റും ഏതാനും കോർപറേഷൻ സ്ഥാനങ്ങളും മാത്രമാണ്. അപ്പൊ തളർന്നത് CPIM ആണോ RSP ആണോ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം പോലും ഓഫർ വന്നിട്ടും മാണി സാർ കടുത്ത തീരുമാനം ഒന്നും എടുക്കാത്തത്? ഇപ്പൊ ഇടത്തോട്ട് ചാടിയാൽ തല്ക്കാലത്തേക്ക് മുഖ്യമന്ത്രി സ്ഥാനവും രണ്ടു പാർലമെന്റ് സീറ്റും കിട്ടുമായിരിക്കും പക്ഷേ അടുത്ത ഒരു വ്യാഴവട്ടതിനുള്ളിൽ കേരളാ കോണ്‍ഗ്രെസ്സിന്റെ കാര്യം ഒരു തീരുമാനം ആവും. ശക്തിയുള്ളവൻ നിലനിൽക്കും എന്നുള്ളത് ഒരു പ്രപഞ്ച സത്യമാണ്. അത് ശരീര ശക്തി തന്നെ ആവണമെന്നില്ല, ബുദ്ധിശക്തി ആയാലും മതി.

ഞാൻ കരുതുന്നു CPIM ന്റെ ഏറ്റവും ധീരമായ ഒരു തീരുമാനമാണ് ബേബി സഖാവിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ എടുത്തത്. RSP മുന്നണി മാറിയാലും കൊല്ലം സീറ്റ്‌ കയിൽ തന്നെ വക്കും എന്നാ തീരുമാനം. RSP യെ പിണക്കിയത്തിൽ പരിഭവം പൂണ്ട കൊല്ലത്തെ അണികൾക്കു വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് CPIM നേതൃത്വം നല്കിയിരിക്കുന്നത്. ഇപ്പൊ കൊല്ലം സീറ്റ്‌ എങ്ങനെയും നേടുക എന്നത് ഓരോ CPIM കാരന്റെയും അഭിമാനത്തിന്റെ പ്രശ്നമാണ്. RSP പോയപ്പോൾ മറ്റൊരു പാർട്ടിക്ക് സീറ്റ്‌ കൊടുത്തത് വെറും തന്ത്രം മാത്രമാണ്, കളഞ്ഞിട്ടു പോകേണ്ട കാര്യമില്ലായിരുന്നു എന്ന് RSP ക്ക് തോന്നണം മാത്രമല്ല രണ്ടു മരുമക്കൾ ഒരുമിച്ചു വീട് വിട്ടു പോയാ അമ്മായിഅമ്മേടെ പിടിപ്പുകേടാണെന്ന് നാട്ടുകാര് പറയുകേം ചെയയും. ഇനിയൊരു രണ്ടു വ്യഴവട്ടങ്ങൾക്കുള്ളിൽ കേരളത്തിൽ ഒരു പാർട്ടിയും ഒരു മുന്നണിയും തമ്മിലായിരിക്കും മത്സരം (BJP അക്കൗണ്ട്‌ തുറന്നില്ലെങ്കിൽ). CPIM വളരുകയാണ്, തളരുകയല്ല.

ഇനി പറയാൻ പോകുന്ന കാര്യം ഇച്ചിരി പെഴ്സണൽ ആണ്. മറ്റൊന്നുമല്ല, രണ്ടു മുന്നണികളും ഞങ്ങൾ ചാലക്കുടിക്കാരോട് ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയി. ഇച്ചിരി കൊള്ളാവുന്ന ആരെയും കിട്ടിയില്ലേ സ്ഥാനാർഥി ആക്കാൻ? (കൊള്ളാവുന്ന എന്ന് കവി ഉദേശിച്ചത് രാഷ്ട്രീയത്തിന് കൊള്ളാവുന്ന എന്നാണ്, സിനിമക്ക് എന്നല്ല). തൃശ്ശൂര് ടോൾ പ്ലാസ ഉണ്ടാക്കിയ ചേട്ടനെ അവിടുന്ന് പാർസൽ ചെയ്ത് ചാലക്കുടിയിൽ ഇറക്കി. ചാലക്കുടി പാലത്തിനും ടോൾ വക്കാൻ ആണെന്നാ facebook ചേട്ടന്മാർ പറയുന്നേ. പിന്നെ ഞങ്ങടെ ഇന്നച്ചൻ. പുള്ളിക്കാരനെ ഞങ്ങക്കൊക്കെ പെരുത്ത് ഇഷ്ടാ, സിനിമേ കാണാൻ. പണ്ടെങ്ങാണ്ടോ ഇരിഞ്ഞാലക്കുട മുന്സിപൽ കൌണ്സിലർ ആയതാണ് ആകെയുള്ള രാഷ്ട്രീയ പരിചയം (ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി ആക്കിയ നാടല്ലേ ഇത് എന്നൊന്നും ചോദിക്കരുത്), അതിനെപ്പറ്റിയാണെങ്കി പുള്ളിക്കാരന് തന്നെ വല്യ മതിപ്പില്ല. പിന്നെ ഒരു ഗുണമുള്ളത് സഖാവ് പിണറായിയെപ്പോലെ ഒരു സംഘടനയെ ഒരു വ്യാഴവട്ടക്കാലം നയിച്ചു എന്നുള്ളതാണ്. അതൊരു ചെറിയ കാര്യമല്ല. കാര്യം എണ്ണത്തിൽ കുറവാണെങ്കിലും കുറെ മലയാളികളെയല്ലേ നയിച്ചു ശീലിച്ചിരിക്കുന്നത്, അതുകൊണ്ടൊരു പ്രതീക്ഷ. (ഒരേ ഒരു വിഷമമേ ഉള്ളൂ, ഇന്നച്ചൻ എല്ലാം തുറന്നു പറയുന്ന ആളാണ്‌. ഇനി ഒരു നാലഞ്ചു വർഷങ്ങൾക്കപ്പുറം ഇന്നച്ചൻ സ്റ്റൈലിൽ - 'ലാലും മമ്മൂട്ടിയും ഒക്കെ എന്നെപ്പോലെ നടന്മാരാണ്, പക്ഷേ അവർ പദ്മശ്രീയും കേണലും ഒക്കെ ആയതോണ്ട് മരിക്കുമ്പോ ഒരു ആചാരവെടി ഒക്കെ കിട്ടും, എനിക്കും അങ്ങനെ എന്തേലും കിട്ടണം എന്നൊരു പൂതി, അതിന്റെ പുറത്താണ് പർലമെന്റ് ഇലക്ഷനിൽ മത്സരിച്ചത്' - എന്ന് ഇന്നച്ചൻ പറയാതിരുന്നാ മതിയായിരുന്നു)

ഇന്നലെ facebook  ഇൽ ഇന്നച്ചന്റെ ഒരു പോസ്റ്റ്‌ കണ്ടു, ആത്മകഥയിൽ നിന്നും ഒരു അദ്ധ്യായം. വളരെ വൈകാരികമായി അദേഹത്തിന്റെ അപ്പനെക്കുറിച്ചും പാർട്ടിയെ കുറിച്ചും എഴുതിയിട്ടുണ്ട്. അത് എടുത്ത് facebook ഇൽ ഇടാൻ കാണിച്ച ബുദ്ധിക്ക് ഒരു സലാം. (ഇന്നച്ചൻ രാഷ്ട്രീയം പഠിച്ചു... ). ആ അദ്ധ്യായം ഇന്നച്ചൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്നെങ്കിലും ഒരിക്കൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരനെ കണ്ടെത്തുകയാണെങ്കിൽ അപ്പന്റെ കുഴിമാടത്തിൽ കൊണ്ട് വന്ന് ഇങ്കിലാബ് വിളിക്കും എന്ന്. എനിക്കൊന്നേ പറയാനുള്ളൂ, ഒരു കഥയാണ്. പണ്ട് ഒരാൾ ദൈവത്തെ തേടി ഇറങ്ങി. ഒരുപാടു അമ്പലങ്ങളിലും പള്ളികളിലും അലഞ്ഞു നടന്നു, ഒടുവിൽ നിരാശനായി നിൽക്കുമ്പോൾ ഒരു പാവം അപ്പൂപ്പൻ അയാളോട് പറഞ്ഞു, നീ ദൈവത്തെ എല്ലായിടത്തും തിരഞ്ഞു ഒരിടത്തൊഴിച്; നിന്റെ ഉള്ളിൽ.
അത് പോലെ ഇന്നച്ചൻ ചേട്ടാ സ്വന്തം ഉള്ളിലേക്ക് നോക്കൂ അവിടെ സ്വയം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരനെ കാണുന്നെങ്കിൽ ധൈര്യമായി അപ്പന്റെ കുഴിമാടത്തിൽ പോയി ഇങ്കിലാബ് വിളിക്കൂ. ലാൽ സലാം.

TP വധക്കേസിന്റെ പാർട്ടി റിപ്പോർട്ട്‌ അണികൾ പോലും വിശ്വസിക്കില്ല എന്നാണ് KK രമ പറയുന്നത്. അത് എഴുതിയുണ്ടാക്കിയ ആൾക്കാർ പോലും വിശ്വസിച്ചിട്ടില്ല പിന്നല്ലേ അണികൾ.
ഇടക്കൊക്കെ CPIM നു ചരിത്രപരമായ മണ്ടത്തരം പറ്റും എന്ന് പറയുന്നത് ഇതാണ്. TP മരിച്ചത് അധികാരത്തിനു വേണ്ടി ആയിരുന്നില്ല, ആയിരുന്നെങ്കിൽ TP കൊല്ലപ്പെടുമായിരുന്നില്ല. TP യുടെ മരണം ഒരു നിലപാടിന് വേണ്ടിയായിരുന്നു. (യേശുദേവൻ ക്രൂശിക്കപ്പെട്ടതും ഒരു നിലപാടിന് വേണ്ടിയായിരുന്നു). അതുകൊണ്ടാണ് TP വധം ഇപ്പോഴും CPIM നെ വെട്ടയാടിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഈ ഒരു കാരണം കൊണ്ട് മാത്രം പാർട്ടിയുടെ അടിത്തറ ഇളകി എന്നൊക്കെ പറയുന്നത് അമൃതാനന്ദമയിയെക്കുറിച്ചുള്ള ആരോപണങ്ങൾ ഹിന്ദു മതത്തെ തകർക്കും എന്ന് പറയുന്ന പോലെ ബാലിശമാണ്.

എഴുതി വന്നപ്പോ ഒത്തിരി കൂടിപ്പോയി. സദയം ക്ഷമിക്കുക.
ഇനി ഇത്രേം വായിച്ചതും പോര എന്നെ നാലു ചീത്ത കൂടെ വിളിക്കണം എന്നുള്ളവർക്ക് താഴെ കമന്റ്‌ ബോക്സിൽ കാര്യം സാധിക്കാവുന്നതാണ്. അമ്മയാണെ ഞാൻ കമന്റ്സ് വായിച്ചു നോക്കില്ല. പിന്നെ എന്തൊക്കെ വിളിച്ചാലും എന്നെ കോണ്‍ഗ്രെസ്സുകാരാ എന്ന് മാത്രം വിളിക്കരുത്. വെറുത്തു പോയി, അതുകൊണ്ടാ.
ഇതിൽ എഴുതിയിരിക്കുന്ന ഓരോ വരിക്കിടയിലും വായിച്ചു സംശയോം ചോദിച്ചോണ്ട് വന്നേക്കരുത്. പാർട്ടി സ്റ്റഡി ക്ലാസ്സിലോന്നും നേരെ ചൊവ്വേ വരാത്തത് കൊണ്ടാണ് നിങ്ങൾക്കൊന്നും മനസ്സിലാവാത്തത്.


അടിവസ്ത്രം: (ഛെ തെറ്റി, ഉറക്കപ്പിച്ചാ ക്ഷമിക്കണം. അടിക്കുറിപ്പ്: )

കേരളത്തിൽ 20 സീറ്റും UDF നേടും - രമേശ്‌ ചെന്നിത്തല
തോല്ക്കുന്നതിനു തൊട്ടു മുൻപ് വരെ, ആത്മവിശ്വാസം വളരെ നല്ലതാണു - ലാലേട്ടൻ


Friday 5 June 2009

എന്റെ ഹൃദയത്തിന്റെ കൂട്ടുകാരി..........

ഇന്നു june 6, എന്റെ മാളുവിന്റെ ജന്മദിനം. ഒരു പക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവും ഞാന്‍ ഈ ദിവസം ഓര്‍ക്കുന്നത് , പക്ഷെ എന്റെ ജന്മദിനങ്ങള്‍ ഒന്നും തന്നെ അവള്‍ ഓര്‍ക്കാതിരുന്നിട്ടില്ല.
എന്നും അതങ്ങനെയായിരുന്നു, അവള്‍ എന്നെ ഒരുപാടു സ്നേഹിച്ചിരുന്നു...

മാളു എന്റെ കൂട്ടുകാരിയാണ്‌, എന്റെ ഹൃദയത്തിന്റെ കൂട്ടുകാരി...

തൃശ്ശൂര്‍ ജില്ലയില്‍ അങ്ങ് മായന്നൂര്‍ കാടുകളുടെ നടുവില്‍ നിളയുടെ
തീരത്ത്
ഒരു സ്വര്‍ഗമുണ്ട് ,സ്വപ്നങ്ങളുടെ ലോകം..അതാണ്‌ നവോദയ... എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനങ്ങള്‍ അവിടെയായിരുന്നു.... ഒരുപാടു തമാശകളും, കൊച്ചു കൊച്ചു വഴക്കുകളും, ഭയങ്കര വികൃതികളുമായി, ഞങ്ങള്‍ അവിടെ വെറുതെ ജീവിക്കുകയായിരുന്നില്ല ആഖോഷിക്കുകയായിരുന്നു....

ജീവിതത്തില്‍ ആദ്യമായി മാതാപിതാക്കളെ പിരിഞ്ഞു ഹോസ്റ്റല്‍ ജീവിതത്തിലേക്ക് ...എന്റെ ഏറ്റവും നല്ല കൂട്ടുകാരെ എനിക്ക് കിട്ടിയത് അവിടെ നിന്നാണ്....

മാളു ക്ളാസിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. ചുരുണ്ട തലമുടിയും, ചെറിയ മുഖവും, വിടര്‍ന്ന കണ്ണുകളും എപ്പോഴും ചിരിക്കുന്ന ചുണ്ടുകളും പിന്നെ ഒരുപാടു സ്നേഹിക്കുന്ന മനസ്സും...
നമുക്കൊരാളെ എത്ര മാത്രം മനോഹരമായി സ്നേഹിക്കാം എന്ന് എന്നെ പഠിപ്പിച്ചത് അവളാണ് .
ആരാണ് അവളെ ആദ്യമായി പീലു എന്ന് വിളിച്ചതെന്ന് എനിക്കറിയില്ല...പക്ഷെ ഞാന്‍ ആദ്യമായി അവളെ അങ്ങനെ വിളിച്ചപ്പോള്‍ അവള്‍ കരഞ്ഞു... അപ്പോള്‍ മാത്രമല്ല ഞാന്‍ പല വട്ടം അവളെ കരയിച്ചിട്ടുണ്ട്‌... പിരിയാന്‍ നേരം എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ എഴുതി... "കൂട്ടുകാരാ, ഈ ജീവിതയാത്രയില്‍ എന്നെങ്കിലും എന്റെ മിഴികള്‍ നിറഞ്ഞിട്ടുന്റെങ്കില്‍ അത് നിനക്കു വേണ്ടി മാത്രമായിരുന്നു ..."

പത്താം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നത്... ഏഴാം ക്ളാസിലെ ഒരു കൊച്ചു സുന്ദരിയെ. മാളു ഇതറിഞ്ഞപ്പോള്‍ എന്നെ ഒത്തിരി ശകാരിച്ചു, ഒരിക്കലും ഇതൊന്നും വേണ്ട എന്നുപദേശിച്ചു ഒടുവില്‍ കരഞ്ഞു... പക്ഷെ എന്തോ ഞാന്‍ ഒരിക്കലും നേരെയാവില്ല എന്നറിഞ്ഞിട്ടായിരിക്കും പിന്നീട് ആ പെണ്‍കുട്ടിയെ കാണുമ്പോഴൊക്കെ എന്നെ കളിയാക്കും... ഒടുവില്‍ ഇതേ പെണ്‍കുട്ടിക്ക് ഒരു പ്രേമലേഖനം കൊടുത്തതിന്റെ പേരില്‍ എനിക്ക് സസ്പെന്‍ഷന്‍ കിട്ടിയപ്പോള്‍ അവള്‍ വീണ്ടും കരഞ്ഞു. പിന്നീട് ഇതേപ്പറ്റി അവള്‍ പറഞ്ഞു, "നീയില്ലാത്ത നവോദയ എത്ര മാത്രം ദുസ്സഹമാനെന്നു എനിക്ക് അന്നാണ് മനസിലായത്". ഞാന്‍ തിരിച്ചു വരുന്നതു വരെ ക്ളാസിലെ എല്ലാ നോട്ടുകളും അവള്‍ പകര്‍ത്തി വച്ചിരുന്നു, എനിക്ക് വേണ്ടി.

ഓരോ ദിവസവും എനിക്ക് തരാന്‍ അവള്‍ എന്തെങ്കിലും കരുതി വച്ചിരുന്നു.ഒരു മിട്ടായിയോ അല്ലെങ്കില്‍ ഒരു കൊച്ചു പൂവോ അങ്ങനെ എന്തെങ്കിലും. എന്നും അസ്സംബ്ളി കഴിഞ്ഞു ഞാന്‍ ക്ളാസ്സില്‍ പോകുന്ന വഴിയില്‍ കാത്തു നിന്നു അവള്‍ അതെനിക്ക് തരും. അവള്‍ക്കു കിട്ടുന്ന എല്ലാ പലഹാരങ്ങളും എനിക്ക് വേണ്ടി മാറ്റി വക്കും. പക്ഷെ ഒരിക്കലും അവള്‍ അത് കഴിച്ചിരുന്നോ എന്ന് ഞാന്‍ അന്വേഷിക്കാറില്ല. അത് മുഴുവന്‍ ഞാന്‍ കഴിച്ചു തീരുന്നത് വരെ അവള്‍ നോക്കി നില്ക്കും. ഞാന്‍ മറ്റാരുമായും അത് പങ്കു വയ്ക്കുന്നത് അവള്‍ക്കിഷ്ടമില്ല.

ഇന്റര്‍വെല്‍ സമയത്തു വരാന്തയിലെ പേപ്പര്‍ സ്റ്റാന്റിന്റെ ഇരു വശങ്ങളിലും നിന്നു ഞങ്ങള്‍ സംസാരിക്കും. പക്ഷെ ആരും ഒരിക്കലും ഞങ്ങളെ സംശയിച്ചിട്ടില്ല. എപ്പോഴും സംശയദൃഷ്ട്ടിയോടെ മാത്രം നടന്നിരുന്ന അധ്യാപകര്‍ വരെ ഞങ്ങളെ ഒഴിവാക്കിയിരുന്നു. അത് ഒരിക്കലും എന്റെ കഴിവായിരുന്നില്ല. എന്നോട് അടുപ്പമുള്ള മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും നല്ല വഴക്ക് കേട്ടിട്ടുണ്ട്. ഞാനാണ് സ്കൂളിലെ പെണ്‍കുട്ടികളെ ഒക്കെ വഴി തെറ്റിക്കുന്നത് എന്ന് ഒരിക്കല്‍ ഒരു അധ്യാപിക പറയുകയുണ്ടായി. അന്ന് ഞാന്‍ അത് വളരെ അഹങ്കാരത്തോടെ ഒരു അംഗീകാരമായി പലരോടും പറഞ്ഞു നടന്നിരുന്നു. മാളുവിന്റെ നിഷ്കളങ്കതയില്‍ എല്ലാവര്ക്കും നല്ല വിശ്വാസമായിരുന്നു.

അവളെപ്പറ്റി ഓര്‍ക്കുമ്പോള്‍ അവളുടെ ചിരിക്കുന്ന മുഖം മാത്രമേ എല്ലാവര്‍ക്കും ഓര്മ വരൂ. എപ്പോഴും എല്ലാവരെയും ചിരിച്ചു കൊണ്ടു സ്വീകരിക്കാന്‍ അവള്‍ക്കറിയാമായിരുന്നു. ക്ളാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വഴക്കിലൊന്നും അവള്‍ ഉണ്ടാവാറില്ല.

ആദ്യമായി ഞാന്‍ വേദിയില്‍ കയറി ഒരു നാടകം കളിച്ചപ്പോള്‍ എന്നെ ആദ്യം അഭിനന്ദിച്ചത് അവളാണ്. എന്നും ചന്ദനം തൊടുവിച്ചു കൊണ്ടാണ് അവള്‍ എന്നെ പരീക്ഷ ഹാളില്‍ പറഞ്ഞയച്ചിരുന്നത്. എന്നും രാത്രിയിലെ study time കഴിഞ്ഞു പോകുമ്പോള്‍ mess hall ലെ ഷെല്‍ഫുകളില്‍ ഒന്നില്‍ എനിക്ക് വേണ്ടി ഒരു കുറിമാനമുണ്ടായിരിക്കും... അത് നിറയെ സ്നേഹമായിരുന്നു.....

കാലം കടന്നു പോയി...നവോദയ ജീവിതം അവസാനിച്ചു...പുതിയ കൂട്ടുകാര്‍ പുതിയ ലോകം, ഇതിനിടയില്‍ പലപ്പോഴും ഞാന്‍ അവളെ മറന്നു. പക്ഷെ അവളുടെ സ്നേഹം കത്തുകളുടെയും പിറന്നാള്‍ ആശംസാ കാര്ടുകളിലൂടെയും എന്നെ തേടി വന്നു. അവളുടെ വിവാഹത്തിന് അവള്‍ എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയ പോലെ കൈ നിറയെ മിട്ടായിയുമായി ഞാന്‍ കാണാന്‍ ചെന്നു.
അവളുടെ മുഖം ഒരു പനിനീര്‍ പൂ പോലെ വിടര്‍ന്നിരുന്നു....

ഞാന്‍ ഒരു ജോലിക്കാരനായി, മുംബൈ മഹാനഗരത്തിലെ തിരക്കിട്ട ജീവിതം,ഇതിനിടയില്‍ വീണ്ടും ഞാന്‍ എന്റെ മാളുവിനെ മറന്നു. ഒരിക്കല്‍ ഒരു ദിവസം ഞാന്‍ പൂനയില്‍ നിന്നും നൂറു കിലോമീറ്റര്‍ ദൂരെ സാഖര്‍വാടി എന്ന സ്ഥലത്തു cadbury ചോക്ലേറ്റ് ഉണ്ടാക്കുന്ന ഒരു കമ്പനിയിലേക്കുള്ള യാത്രയിലാണ് ഒരു സുഹൃത്തിന്റെ ഫോണ്‍ ...
"അവള്‍ മരിച്ചു...പ്രസവത്തിനിടയില്‍ ...."

അവളെപ്പോലെ നിഷ്ക്കളങ്കയായ ഒരു കൊച്ചു പൈതലിനെ ഞങ്ങള്‍ക്ക് സമ്മാനിച്ച്‌ കൊണ്ട് ....
ഞങ്ങളെയെല്ലാം കരയിപ്പിച്ചു കൊണ്ട് അവള്‍ പോയി....

ഇന്ന് ,ഇങ്ങു ദൂരെ, മലകള്‍ക്കും സമുദ്രങ്ങള്‍ക്കും ഇപ്പുറം ഒരു തണുത്ത വെളുപ്പാന്‍കാലത്ത് ഞാന്‍ എന്റെ മാളുവിനെപ്പറ്റി ഓര്‍ക്കുകയാണ് .... ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു " നീ കരയരുത് ,നീ കരയുന്നത് എനിക്ക് സഹിക്കാനാവില്ല."
ഇന്ന് ഞാന്‍ കരയുകയാണ് . അവള്‍ക്ക് വേണ്ടി.....

Sunday 12 April 2009

കല്യാണസൌഗന്ധികം രണ്ടാം ദിവസം....

പ്രിയമുള്ളവരേ,
ഞാന്‍ ആകെ ഒരു കുഴപ്പത്തില്‍ പെട്ടിരിക്കയാണ് ...നിങ്ങളുടെ അകമഴിഞ്ഞ സഹായവും ഉപദേശവും വേണം...കാര്യം പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കും....പൊട്ടിപ്പൊട്ടി ചിരിക്കും...എന്റെ ഹൃദയ വേദന ആരറിയാന്‍ ?

പണ്ടു പണ്ടു ....ഒരുപാടു പണ്ടു ...നമ്മുടെ എം.ടി. സാറിന്റെ രണ്ടാമൂഴത്തിലെ നായകന്‍ ഭീമസേനന്‍ പാഞ്ചാലിക്കു വേണ്ടി കല്യാണസൌഗന്ധികം തേടിപ്പോയ കഥ നിങ്ങള്‍ക്കറിയാമല്ലോ ?ടിയാന്റെ ഏകദേശം അതേ അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍....
സത്യം പറഞ്ഞാല്‍ അവസ്ഥ കുറച്ചു കൂടെ ഭീകരമാണ് ....അദ്ദേഹത്തിന് കൈയില്‍ ഒരു ഗദ
എങ്കിലും ഉണ്ടായിരുന്നു....എന്റെ കൈയില്‍ ഒരു പിച്ചാത്തി പോലുമില്ല...

ക്ഷമിക്കണം...ഞാന്‍ ഇതു വരെ കാര്യം പറഞ്ഞില്ല അല്ലേ?...സംഭവം
നിസ്സാരമാണ് ... എന്റെ ലേറ്റസ്റ്റ് കാമുകി ചൈനക്കാരിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ?....
സുന്ദരി...സുമുഖി...സല്‍സ്വഭാവി....ഹൃദയേശ്വരി....കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും അവള്‍ക്കൊരു
വൃത്തികെട്ട സ്വഭാവം ഉണ്ട് ....അതായത് , ഞങ്ങള്‍ കഴിഞ്ഞ ദിവസം നല്ല റൊമാന്റിക്‌ മൂഡില് ഒരു ഇല പൊഴിഞ്ഞ മരത്തിനടിയില്‍ വെയില്‍ കൊള്ളാതെ മുട്ടിയുരുമ്മി കൈകോര്‍ത്തു പിടിച്ചു കിനാവ് കണ്ടു രസിച്ചിരിക്കയായിരുന്നു......കിനാവിന്റെ ഒരു കൊച്ചു ഇടവേളയില്‍ അവള്‍ എന്നോട് ചോതിച്ചു...
"കാന്താ, ജീവിതം യൌവ്വന തീക്ഷ്ണവും ഹൃദയം പ്രണയ സുരഭിലവുമായ ഈ അസുലഭ മുഹൂര്‍ത്തത്തില്‍(ബേപ്പൂര്‍ സുല്‍ത്താന്‍ എന്നോട് പൊറുക്കട്ടെ ) ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് സാധിച്ചു തരുമോ?"
ആ ഒരു മൂഡില്‍ എന്റെ ജീവന്‍ വരെ കൊടുക്കാം എന്ന് ചുമ്മാ കേറി ഏറ്റു പോയി....അവള്‍ പറഞ്ഞു അവള്‍ക്ക് എന്റെ ജീവന്‍ വേണ്ട ( അത് പിന്നെ എടുത്തോളാം) കുറച്ചു പാമ്പിറച്ചി വരട്ടിയത് കൂട്ടി പൊറോട്ട തിന്നണമെന്ന് .....എന്ത് ചെയ്യും?പറയൂ സുഹൃത്തുക്കളെ...ഞാന്‍ എന്ത് ചെയ്യും?...(ഭീമസേനന്‍ എത്ര ഭാഗ്യവാന്‍ ....)

ഏതെങ്കിലും ഒരു ചൈനീസ് ഹോട്ടലില്‍ കയറി വാങ്ങാം എന്ന് കരുതി സമാധാനിച്ചു...ആകെ രണ്ടും നാലും ആറു ഹോട്ടലില്‍ കയറി....അപ്പോഴാണ് ഭീകരമായ ആ സത്യം ഞാന്‍ അറിയുന്നത്....അതായതു അയര്‍ലണ്ടില്‍ പാമ്പുകളില്ല...ഞെട്ടരുത്...പാമ്പുകളില്ലാത്ത ഒരു രാജ്യമാണ് അയര്‍ലണ്ട് .....അതിന് പിന്നിലെ രഹസ്യം അന്വേഷിച്ചു ചെന്നപ്പോഴാണ് ഞാന്‍ കുറച്ചു ചരിത്രം പഠിച്ചത്.....

അതായത് ....പണ്ടു പണ്ടു ....ഒരുപാടു പണ്ടു ഇവിടെ നിറയെ പാമ്പുകള്‍ ഉണ്ടായിരുന്നത്രേ....ദിനം പ്രതി ഒരുപാടാളുകള്‍ പാമ്പ്കടി മൂലം മരിച്ചിരുന്നു....പാമ്പുകള്‍ പാമ്പുകള്‍ ....
എല്ലായിടത്തും പാമ്പുകള്‍ ....പാവം സായിപ്പന്മാര്‍ തങ്ങളുടെ മദാമ്മമാരെയും കൂട്ടി ദൈവം തമ്പുരാന്റെ അടുത്ത് പരാതി ബോധിപ്പിച്ചു... പുള്ളിക്കാരന്‍ ഒരു പുണ്ന്യാലനെ കൈയിലൊരു മകുടിയും കൊടുത്തു ഇങ്ങോട്ട് പറഞ്ഞു വിട്ടു.....ടിയാന്റെ പേരു മിസ്റ്റര്‍ പാട്രിക് ..ഇനി അധികമൊന്നുമില്ല...അദ്ദേഹം മകുടിയൂതി പാട്ടു പാടി ഈ പ്രദേശത്തുള്ള എല്ലാ പാമ്പുകളെയും പിടിച്ചു കടലില്‍ എറിഞ്ഞു കളഞ്ഞു.....അതിന് ശേഷം ഇന്നു ഈ നിമിഷം വരെ അയര്‍ലണ്ടില്‍ പാമ്പുകളെ കണ്ടിട്ടില്ലാത്രേ...... മിസ്റ്റര്‍ പാട്രിക് ന്റെ ഓര്‍മ്മക്കായി സായിപ്പന്മാര്‍ എല്ലാ കൊല്ലവും മാര്‍ച്ച് 17 നു st.patrik day ആഖോഷിക്കുന്നു.... അന്ന് മുഴുവന്‍ കള്ളു കുടിച്ചു പാമ്പായി റോഡില്‍ ഇഴഞ്ഞു നടന്നു അവര്‍ അദ്ദേഹത്തെ ആദരിക്കുന്നു......

പക്ഷെ അദ്ദേഹം എന്നോട് ചെയ്തത് കൊടും ചതിയാണ്....at least ഒരു നീര്‍ക്കോലിയെ എങ്കിലും ബാക്കി വച്ചൂടായിരുന്നോ?....ഇനി നിങ്ങള്‍ പറയൂ ഞാന്‍ എന്ത് ചെയ്യണം?
പാമ്പിനെ കിട്ടിയില്ലെന്കില്‍ അവള്‍ എന്നെ പിടിച്ചു തിന്നും....എല്ലാരും എനിക്ക് ആത്മശാന്തി നേരുവിന്‍.....

ഏതായാലും ഒരു കാര്യം എനിക്ക് മനസിലായി...ചൈനക്കാരി എന്നെ വിട്ടു പോകും...പോയ്ക്കോട്ടെ സാരമില്ല...പക്ഷെ അതിന് മുന്പ് എനിക്ക് ഒരു സ്ടെപ്പിനി കണ്ടെത്തണമല്ലോ ?...ആവശ്യക്കാരന്‍ ഞാന്‍ ആയിപ്പോയില്ലേ?.... വിഷമം തീര്‍ക്കാന്‍ ക്ളാസിലെ ബ്രസീലിയന്‍ സുന്ദരി alessandra യെ ചൂണ്ട ഇട്ടു നോക്കി...അവള്‍ക്ക് വേഗം തന്നെ കാര്യം മനസിലായി.....പിറ്റേന്ന് അവള്‍ ഒരു സായിപ്പിനേയും കൊണ്ടാണ് ക്ലാസ്സില്‍ വന്നത്.... എനിക്ക് പരിചയപ്പെടുത്തി തന്നു....sorry...പേരു ഓര്‍മയില്ല...ലവളുടെ ഭാവി വരന്‍ ആണത്രേ....
അവനു എന്നെക്കാള്‍ ആരോഗ്യം ഉള്ളതുകൊണ്ട് ഞാന്‍ ക്ഷമിച്ചു....ഹും...നെട്ടൂരാനോടാനോടാ നിന്റെ കളി....അല്ല പിന്നെ ....
അങ്ങനെ,ക്രൂരമായ നിരാശയില്‍ മുഴുകി അയര്‍ലണ്ട് ജീവിതനൌക മുന്നോട്ടു തന്നെ ഒഴുകിക്കൊണ്ടിരിക്കുന്നു....
*************************************************************************************
സഹൃദയരേ...എന്റെ ഈ blog നു എന്റെ പരിധിയില്‍ പെടാത്ത കുറച്ചു ആരാധകര്‍ ഉണ്ടായതായി ഞാന്‍ അറിഞ്ഞു...നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കു നന്ദി.....ചാലക്കുടിക്കാരന്‍ ഒരു ശ്രീ... എനിക്ക് നിങ്ങളെ നേരിട്ടറിയില്ല സുഹൃത്തേ....എങ്കിലും എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍....


ഹൃദയപൂര്‍വ്വം ,

പഞ്ചാര കാന്ത് .

Wednesday 18 March 2009

കാമിനി മൂലം




കൂട്ടരേ
,
അങനെ അത് സംഭവിച്ചു....അല്ലാ, നിങള്‍ അത്ബുധപെടില്ല.....അതെനിക്കറിയാം.....സംഭവം സിമ്പിള്‍ ആണ്..ഇതിന്‍റെ കൂടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫോട്ടോ കണ്ണ്ട് കാണുമല്ലോ......കൂടുതലൊന്നും പറയാനില്ല......എല്ലാം പെട്ടന്നായിരുന്നു.....

കുട്ടി ഒരു ചൈനക്കാരിയാണ്.....(മനസിലായികാണുമല്ലോ.....ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്.....) പേരു ട്ടിംഗ്....ഞാന്‍ സ്നേഹത്തോടെ ട്ടിംഗ് ടോന്ഗ് എന്ന് വിളിക്കും......(ആരോടും പറയരുത് സെക്രെറ്റ് ആണ്....) ആദ്യത്തെ കാഴ്ചയില്‍ തന്നെ അവളുടെ സൌന്ദര്യം എന്നെ ഹട്ടാദാകര്ശിചു......(മയങ്ങി)....അന്ന നട...കൊച്ചു കശ്മല

നിന്‍റെ ഹൃദയം എനിക്ക് തരുമോ എന്ന് ഞാന്‍ ചോദിച്ചു (ആഗ്യ ഭാഷയില്‍.....) അവള്‍ സമ്മതിച്ചു......പകരമായി ഒന്നു മാത്രമെ അവള്‍ ചോധിച്ച്ചുല്ല്....എന്‍റെ മീശ....കൊടുത്തു......മുഴുവന്‍ അത് അത്......മീശയുള്ള എന്നെ കാണുമ്പൊള്‍ അവള്ക്ക് എന്തോ ഒരു ദുസ്വപ്നം ഓര്മ്മ വരുന്നത്രേ.......( സംഭവം ലേശം അശ്ലീലമാണ്....അതു കൊണ്ടു സ്വപ്നം എക്സ്പ്ലെയിന്‍ ചെയ്യുന്നില്ല...)

അങ്ങനെ ഞങ്ങള്‍ ഹൃദയം കൈമാറി...മനസും ശരീരവും സോറി ശരീരം ഇല്ലാ, പങ്കു വെച്ചു...
ഞങ്ങളുടെ ഏറ്റവും നല്ലാ മനപ്പൊരുത്തം എന്തെന്നാല്‍...രണ്ടാള്‍കും ഇംഗ്ലീഷ് അറിയില്ല...പിന്നെ അവള്‍ മലയാളവും
ഞാന്‍ ചൈനീസും നന്നായി പറയുന്നത് കൊണ്ടു വലിയ കുഴപ്പമില്ലാതെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു...

ഫോട്ടോ കണ്ടു നിങ്ങള്‍ അസൂയപെട്ടിരിക്കുകയനെന്നു എനിക്കറിയാം....കണ്ണ് വയ്ക്കരുത്‌ പ്ലീസ്...
പിന്നെ ഒരേ ഒരു പ്രശ്നമേ ഉള്ളു...അവള്‍ക്ക് ഒരു ചൈനക്കാരന്‍ കാമുകന്‍ ഉണ്ട്‌...ചെക്കന്‍ USA ല്‍ ആണ്...
അതു കൊണ്ട് ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു...(അവളും)...

ഇനി നാളെ ഒരു പരീക്ഷ ഉണ്ട്...പോയി കിടന്നുറങ്ങട്ടെ...

ശുഭരാത്രി....മധുര സ്വപ്‌നങ്ങള്‍.....(ചൈന സ്വപ്‌നങ്ങള്‍ ....)

എല്ലാരും ഒന്നൂടെ ഒന്ന് മുട്ടിയുരുമ്മി ഇരിക്കുക...

ഹൃദയപൂര്‍വ്വം
ചൈന കാന്ത്

Tuesday 17 March 2009

Letter 1 - ഞാനും ഐയിര്‍ലാന്‍ഡില്‍......യോ യോ.....




kootukare......

അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാനും അയര്‍ലണ്ടില്‍ എത്തി....

വിദ്യാരംഭം കുറിച്ചു....2ണ്ട് ഓഫ് ഫെബ്....വളരെ നല്ല ക്ലാസ്സുകളാണ്...സംമതിന്ഗ് ലൈക്‌ BBC ന്യൂസ്....

ഒന്നും മനസിലാവില്ല....ക്ലാസ്സില്‍ ഒരു 25 ശതമാനം മലയാളികള്‍ ...50 ശതമാനം ഇന്ത്യന്‍സ്....

ബാക്കി...പാകിസ്ഥാന്‍,ബംഗ്ലാദേശ്,
ചൈന,ബ്രസീല്‍,ആഫ്രിക്ക......

താമസം ഒരു അയര്‍ലണ്ട് മദാമ്മയുടെ വീട്ടില്‍ ....ദുസ്സഹം.....

ദിവസം 300 ഇന്ത്യന്‍ രൂപ ചിലവാക്കിയാണ് ബസില്‍ കയറി ക്ലാസ്സില്‍ പോകുന്നത്....

പിന്നെ മദാമ്മയുടെ കുക്കിംഗ്‌ ദയനീയമാണ്....ഒരു ദിവസം മദാമ്മ ചിക്കന്‍ ബിരിയാണി ഉണ്ടാക്കി....

അയ്യോ...അതോര്‍ക്കാന്‍ വയ്യേ.....ഇപ്പോള്‍ പരസ്പരം തെറി വിളിക്കുന്നത് "നിന്‍റെ മദാമ്മേടെ ചിക്കന്‍ ബിരിയാണി" എന്നാണ്...



ഇവിടെ ഇപ്പോള്‍ മഞ്ഞു മഴയാണ്....ആകെ ആസ്വതിക്കാന്‍ സാധിക്കുന്നത് അത് മാത്രമാണ്....എല്ലായിടത്തും മഞ്ഞു മൂടി കിടക്കുന്നു...

അതി മനോഹരമായ സ്ഥലം...എന്നെ ഹതാകരര്ഷിച്ചു....പിന്നെ മദാമ്മ കുട്ടികള്‍ ...എല്ലാരും ജീന്‍സിലാണ്...പിന്നെ ജാകെറ്റും....

മഞ്ഞുകാലം കഴിഞ്ഞാല്‍ അത് മിനി സ്കിര്‍ട്ടും t ഷര്‍ട്ടും ആവും എന്ന സുന്ദര സ്വപ്നങ്ങളില്‍ മുഴുകി ജീവിക്കുന്നു....

( മധുര സ്വപ്നങ്ങളെ.....)


ഞാന്‍ ഒരു പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്....( ഒരു കക്കൂസ് കഴുകുന്ന ജോലിയെന്കിലും .....)

ഇനി പിന്നെ ബ്ലോഗാം

എല്ലാരും പരസ്പരം മുട്ടിയുരുമ്മി ഇരിക്കുക ( കീപ് ഇന്‍ ടച്ച്‌)

ശേഷം ശേഷക്രിയ...

നിങ്ങളുടെ

കോന്തന്‍

letter 2 - ഐയിര്‍ലാന്‍ഡില്‍ നിന്നും യോ യോ

പ്രിയപെട്ടവരെ,
എന്‍റെ അധ്യതേ ബ്ലോഗും ഫോട്ടോസും എല്ലാവരും കണ്ടു എന്ന് വിശ്വസിക്കുന്നു ....
ഞാന്‍ ഇവിടെ അതി ഭീകരമായി അടിച്ച് പൊളിക്കുകയാണെന്നു ഒരു തെറ്റിധാരണ നിങളില്‍ ചിലര്‍ക്കുണ്ടെന്നു ഞാന്‍ മനസിലാക്കി.

കൂട്ടരേ....ഒരു മൊബൈല് ക്യാമറ കൈയിലുള്ളതിന്റെ അഹങ്കാരത്തിലാണ്‌ ആ ഫോട്ടോസ് അയച്ചത്.... ജീവിതസ്ഥിതി വളരെ മോശമാണ്... തെറ്റിദ്ധരിക്കരുത് പ്ലീസ്...

പിന്നെ ഞങ്ങള്‍ ഇന്നു പുതിയ റൂമിലേക്ക്‌ താമസം മാറും... കോളേജില്‍ നിന്നും വെറും 45 മിനിട്ട് നടന്നാല്‍ മതി....ഇനി ഒരു ജോലി കൂടെ കിട്ടിയാല്‍ എല്ലാം തികഞ്ഞു....

പിന്നെ ഇപ്പോള്‍ ഇവിടെ തണുപ്പ് ലേശം കുറഞ്ഞിട്ടുണ്ട്...(ചിലപ്പോള്‍ എന്‍റെ ശരീരം അഡ്ജസ്റ്റ് ചെയ്തതാകും)...വേറെ ഒരു സന്തോഷ വാര്ത്താ...മദാമ്മക്കുട്ടികള്‍ വേഷം മാറ്റി തുടങ്ങി..ഇപ്പോള്‍ ചന്ധിക്കു താഴെ നില്ക്കുന്ന കൊച്ചു പാവാടയും t-ഷെര്‍ര്‍ട്ടും ആണ് വേഷം...enjoy....വെണ്ണ പോലത്തെ കാലുകളും കടഞ്ഞെടുത്ത തുടകളും കാണുമ്പൊള്‍ നമ്മുടെ കാലിന്‍റെ അടിയില്‍ നിന്നും ഒരു തരിപ്പ് മേലോട്ട് കയറും...പക്ഷെ....അതിന് മുകളില്‍ ജീവിതത്തില്‍ ഒരിക്കലും കഴുകിയിട്ടില്ലാത്ത ചന്ദിയാനല്ലൊ എന്നോര്‍ക്കുമ്പോള്‍ തരിപ്പ് തനിയെ താഴോട്ടിറങ്ങും....നോ വേ.....

ഇനി അതി ഭീകരമായ ഒരു പ്രശ്നമുണ്ട്....മറ്റൊന്നുമല്ല...ഇംഗ്ലീഷ്...തീര്‍ച്ചയായും അതൊരു പ്രോബ്ലം ആണ്...എന്താണെന്നു വച്ചാല്‍, ഞാന്‍ പറയുന്നതൊന്നും ഇവിടുത്തെ സയിപ്പന്മാര്ക് മനസിലാകുന്നില്ല...ഞാന്‍ ചോദിക്കുന്നതിനല്ല അവര്‍ മറുപടി പറയുന്നതു..ഞാന്‍ കുറെ ആലോചിച്ചു...ഒടുവില്‍ ഒരു തീരുമാനത്തിലെത്തി..ഒന്നുകില്‍ ഇവന്മാര്‍ക്കൊക്കെ വട്ടാണ്..അല്ലെങ്കില്‍ സയിപ്പന്മാര്ക് ഇംഗ്ലീഷ് അറിയില്ല...(IELTS il 7.5 വാങ്ങിയ എനിക്ക് ഇംഗ്ലീഷ് അറിയാതെ വരില്ലല്ലോ?...!!!!!)

പുതിയ ഒരു പെണ്‍കുട്ടിയെ കമ്പനി കിട്ടിയിട്ടുണ്ട്...പേരു സേതുലക്ഷ്മി തമ്പുരാട്ടി...സുന്ദരി...കൊച്ചു കശ്മല....എന്‍ജോയ്.....


ഇനി പിന്നെ ബ്ലോഗാം ...എന്‍ജോയ്....


ബൈ

യുവെര്സ്

വിശ്വകര്‍മ കാന്ത്.